കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടർ മൊഹാദിനെ ആണ് മർദിച്ചത്. ചെവിക്ക് പരുക്കേറ്റ ഡോക്ടർ മൊഹാദ് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടി.
ഇന്നുച്ചയോടെയാണ് സംഭവം ഉണ്ടായത്. 25 ഓളം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് ഡോക്ടറെ ആക്രമിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അക്രമിച്ചവരിൽ ചിലർ ഇന്നലെ രാത്രി പനിക്ക് ചികിത്സ തേടിയിരുന്നു. ഇവരോട് ഡോക്ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
എന്നാൽ ഇന്നലെ വിദ്യാർഥിനികൾ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയതാണെന്നും പരാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പരിശോധനാസമയത്ത് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർ അടുത്തുണ്ടായിരുന്നുതായും ആശുപത്രി അധികൃതർ അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്ഥാപനത്തിന്റെ അധികൃതരോ വിദ്യാർഥികളോ തയ്യാറായില്ല.
സംഭവത്തിൽ ഡോക്ടറും ഐ.എം.എയും നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടർക്കെതിരെ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.