ഡൽഹി : നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കുൾപ്പെടെ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി.ഗര്‍ഭഛിദ്രം സംബന്ധിച്ച ഒരു കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.
നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (ഭേദഗതി) റൂള്‍സ് 2021 പ്രകാരം, 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയിലിരിക്കെ വൈവാഹിക നിലയിലെ മാറ്റം (വൈധവ്യവും വിവാഹമോചനവും), ശാരീരിക വൈകല്യമുള്ള സ്ത്രീകള്‍, ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ള മാനസിക രോഗങ്ങളുള്ളവര്‍, ഗുരുതരമായ വൈകല്യങ്ങളോടെ കുട്ടി ജനിക്കാനുള്ള സാഹചര്യം, ഗവണ്മെന്റ് പ്രഖ്യാപിച്ചേക്കാവുന്ന ദുരന്തത്തിലോ അടിയന്തര സാഹചര്യങ്ങളിലോ ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ തുടങ്ങിയ അവസ്ഥകളിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി.