പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടരിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയത്.