ന്യൂഡൽഹി:അങ്കിത ഭണ്ഡാരി വധക്കേസിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തെളിവുകൾ നശിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും ആർഎസ്എസും രാജ്യത്തെ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്ന് അങ്കിതയുടെ കൊലപാതകത്തെ പരാമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
‘കേസിൽ മുഖ്യമന്ത്രി എന്താണ് ചെയ്തത്? കുറ്റാരോപിതനായ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് നശിപ്പിച്ചു. കേസിൽ ആർക്കും ഒരു തെളിവും കണ്ടെത്താൻ കഴിയില്ല. ബിജെപി രാജ്യത്തെ സ്ത്രീകളോട് ഇങ്ങനെയാണ് പെരുമാറുന്നത്. അധികാരമല്ലാതെ മറ്റൊന്നും അവർ ബഹുമാനിക്കുന്നില്ല. ‘ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു.
മലപ്പുറത്ത് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോഴെല്ലാം അത് സ്ത്രീകളുടെ തെറ്റാണെന്ന് ബിജെപി പറയുമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്ത രാജ്യത്തിന് ഒരിക്കലും ഒന്നും നേടാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.