ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ ആണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായർ അറസ്റ്റിലയാത്.
ചോദ്യം ചെയ്യാന്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യ അഴിമതി കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
മനീഷ് സിസോദിയയുടെ വസതി ഉൾപ്പെട 31 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർ നടപടിയായാണ് ആരോപണവുമായി ബന്ധമുള്ള വിജയ് നായരെ അറസ്റ്റ് ചെയ്തത്. 14 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വിജയ് നായർ പ്രവർത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്.