പോത്തൻകോട്: വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് വധശ്രമ കേസിലെ പ്രതിയാണ്. സ്കൂൾ കുട്ടികളെ മർദ്ദിച്ച മനീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം നാലിന് വൈകീട്ട് മൂന്നോടെയാണ് വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളടക്കമുള്ളവരെ സംഘം തടഞ്ഞു നിർത്തി മർദിച്ചത്. ഇതിൽ പ്രതിഷേധം ശക്തമായതോടെ അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി പ്രതി മനീഷിനെ ജാമ്യത്തിൽ വിട്ടയച്ച പൊലീസ് നടപടി വിവാദമായിരുന്നു. തുടർന്ന് റൂറൽ എസ്.പി ഇടപെട്ട് അന്വേഷണ സംഘത്തെ മാറ്റുകയായിരുന്നു.
ക്രൈംബ്രാഞ്ചിനാണ് അന്വേഷണം കൈമാറിയത്. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് നിലവിൽ കേസന്വേഷിക്കുന്നത്. വഴിയാത്രക്കാർ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോത്തൻകോട് സ്കൂളിലെ വിദ്യാർഥിനികൾ സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു. തുടർന്ന്, ഇതിനു സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽപാറ കാണാൻ പോയപ്പോഴാണ് മർദനമേറ്റത്. ഒരു ആൺകുട്ടിക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദനമേറ്റത്.
കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. ശ്രീനാരായണപുരം കമ്പിളി വീട്ടിൽ കോണത്ത് വീട്ടിൽ മനീഷിന്റെ (സൈക്കിൾ ഉമ്പിടി) നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്‌തത്.