തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 10 ചാനലുകളിൽ നിന്നുള്ള 45 വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ ആണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഓൺലൈൻ വീഡിയോ ഷെയറിംഗിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ യുട്യൂബിനും നിർദ്ദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി .ബ്ലോക്ക് ചെയ്ത വീഡിയോകൾക്ക് 1 കോടി 30 ലക്ഷത്തിലധികം വ്യൂവർഷിപ്പ് ലഭിച്ച വീഡിയോകളാണ്. യൂട്യൂബർ ധ്രുവ് രതിയുടെ വീഡിയോയും ബ്ലോക്ക് ചെയ്തവരിൽ ഉൾപ്പെടുന്നു.
തെറ്റായ വിവരങ്ങളിലൂടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം തകർക്കാനും രാജ്യത്തിനെതിരെ വിഷം ചീറ്റാനും ശ്രമിച്ചതിന് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യൂട്യൂബ് ചാനലുകൾ നിരോധിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഇത് മുമ്പും ചെയ്തിട്ടുണ്ട്, ഭാവിയിലും ഇത് ചെയ്യും.’ എന്ന് ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
”ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 ന്റെ വ്യവസ്ഥകൾ പ്രകാരം 23.09.2022 ന് ബന്ധപ്പെട്ട വീഡിയോകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളുമാണ് നിരോധിച്ച വീഡിയോകളുടെ ഉള്ളടക്കം.