തിരുവനന്തപുരം: കേരളം തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി മാറുകയാണെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. പിണറായി സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണ്. സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് കാല പര്‍ച്ചേഴ്‌സിലടക്കം നടന്നത് വലിയ അഴിമതികളാണെന്നും ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നദ്ദ, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.
സർവകലാശാലകളിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുർബലമാക്കാൻ ശ്രമിക്കുന്നു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നു. പ്രത്യയശാസ്ത്രപരമായി വലിയ പാർട്ടിയാണെന്ന് സിപിഎം പറയാറുണ്ട്. സിപിഎം ആശയങ്ങളിൽ വെള്ളം ചേർക്കപ്പെട്ടു. അഴിമതിയും കുടുംബാധിപത്യവും പാർട്ടിയെ ബാധിച്ചു.
ബന്ധുനിയമനങ്ങൾക്കാണ് സിപിഎം മുൻഗണന നൽകുന്നത്. കമ്യൂണിസ്റ്റുകാർക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോൾ അവരും അഴിമതിയിലേക്ക് പോയി. കേരളം കടക്കെണിയിലാണ്. 3.30 ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. സാമ്പത്തിക അച്ചടക്കമില്ലാതെ തകർന്ന സംസ്ഥാനമായി കേരളം മാറി. ജനങ്ങള്‍ സുരക്ഷിതരല്ലാതായി. ജനങ്ങളോട് ബിജെപി പ്രവർത്തകർ ഇക്കാര്യങ്ങൾ സംസാരിക്കണം. താമര കേരളത്തില്‍ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജെ.പി.നഡ്ഡ പറഞ്ഞു.