ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ കമല്‍നാഥ് അശോക് ഗെഹ്ലോത്തുമായി സംസാരിക്കാനില്ലെന്നും വ്യക്തമാക്കി. രാജസ്ഥാന് പ്രതിസന്ധി കനക്കുന്നതിനിടെ ഡല്‍ഹിയിലെത്തിയ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്നും നവരാത്രി ആശംസകള്‍ നേരാനാണ് എത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ, രാജസ്ഥാന് മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കമല്‍നാഥിനെ ഇറക്കി പരിഹാരം കണ്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ഹൈക്കമാന്‍ഡ് തീരുമാനം അശോക് ഗെലോട്ട് അട്ടിമറിച്ചെന്നാണ് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയുണ്ടായ സംഭവവികാസങ്ങളിലൂടെ സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി.
ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന് മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കന് അവഗണിച്ചത് ഹൈക്കമാന്‍ഡിന്റെ കടുത്ത പ്രതിഷേധത്തിന്റെ സൂചനയാണ്.