ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസ് വസ്ത്രം ധരിച്ചുകൊണ്ട് നില്ക്കുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
‘രാജ്ഭവനില്‍ ഉണ്ടുറങ്ങി അറമാദിച്ചോ വിരോധമില്ല,അവിടെ ശാഖ നടത്താം എന്നാണെങ്കില്‍ അടിച്ച് തളിച്ച് പുറത്താക്കി ചാണകം മെഴുകും
ഓര്‍ക്കുക സി പി തിരിഞ്ഞ് നോക്കാതെ ഓടിയ ഓട്ടം അറിയില്ല എങ്കില്‍ ചരിത്രം നോക്കുന്നത് നല്ലതാ,ഇടപ്പാള്‍ അന്വേഷിച്ചാല്‍ ശാഖക്കാര്‍ അവരുടെ ഓട്ടത്തിന്റ്റ കഥ പറഞ്ഞ് തരും ‘ എന്നുള്ള കുറിപ്പിനൊപ്പമാണ് ഫോട്ടോ പ്രചരിക്കുന്നത്.
എന്നാല്‍, പ്രചരിക്കുന്ന ചിത്ര ത്തിലുള്ളത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അല്ല. പ്രചാരത്തിലുള്ള ചിത്രത്തില്‍ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യൂണിഫോം ധരിച്ച് നില്‍ക്കുന്നത് കാണാനാകും. ഇതില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നയാള് ആരിഫ് മുഹമ്മദ് ഖാന് ആണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ളത് അദ്ദേഹമല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും. മുന്‍ ആര്‍മി ചീഫ് ആയിരുന്ന ജനറല്‍ വി.കെ സിംഗ് ആണ് ചിത്രത്തിലുള്ളത്.
2018 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ആര്‍എസ്എസിന്റെ ‘രാഷ്ട്രോദയ് സമ്മേളന’ത്തിലാണ് വി.കെ.സിംഗ് ഈ വസ്ത്രം ധരിച്ചെത്തിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിരവധി കേന്ദ്രമന്ത്രിമാര്‍ ഇതില്‍ പങ്കെടുത്തു.
2018 മാര്‍ച്ച് 2ന് നാഷണല്‍ ഹെറാള്‍ഡ് നല്കിയ വാര്‍ത്തയില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ആര്‍മിയില്‍ നിന്ന് വിരമിച്ച കരസേനാ മേധാവി പിന്നീട് ബിജെപിയില്‍ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു. ആര്‍മി യൂണിഫോം അണിഞ്ഞിരുന്ന അദ്ദേഹം ആര്‍എസ്എസ് യൂണിഫോം ധരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ആരിഫ് ഖാൻ അല്ല.