2 പതിറ്റാണ്ടിനു ശേഷം നടക്കുന്ന കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്നും പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു.‘‘രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിൽനിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ’’എന്ന് തരൂർ മാധ്യമങ്ങളോടു പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തേക്കും. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലാണ് കൂടിക്കാഴ്ച. നിലവിൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണു മത്സര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികൾ വന്നേക്കുമെന്നാണു സൂചന. ആർക്കും മത്സരിക്കാമെന്നു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം.