രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടിയ ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും.
മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായത്. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം. ഗെലോട്ടും സച്ചിൻ പൈലറ്റും ഉടൻ ഡൽഹിയിലെത്തിയേക്കും.
നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഗെലോട്ടിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതോടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നീട്ടുന്നതും ആലോചനയിലുണ്ട്.