ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പിന്മാറി. ഒക്ടോബര്‍ ഒന്നിന് വീണ്ടും അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുക്കാനിരിക്കേയാണ് പിന്മാറ്റം. തീരുമാനം കേന്ദ്രസര്‍ക്കാരിനെ മുകുള്‍ റോത്തഗി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഈ മാസം 30ന് വിരമിക്കും. പദവിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതോടെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് വീണ്ടും മുകുള്‍ റോത്തഗിയുടെ പേര് ഉയര്‍ന്നുവന്നത്.
അതേസമയം രാജ്യത്തിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയില്‍ തന്റെ പേര് പരിഗണിച്ച കേന്ദ്രസര്‍ക്കാരിനോട് റോത്തഗി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടെ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും വാദിച്ചിട്ടുണ്ട്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കേസിലും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരി കേസിലും മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.
റോത്തഗി പിന്മാറിയ സാഹചര്യത്തില്‍ അടുത്ത എ.ജി. ആരാകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ സജീവമായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കാണ് മുന്‍ഗണന എന്നാണ് സൂചന. നിലവിലെ എ.ജി. കെ.കെ.വേണുഗോപാലിന്റെ കാലാവധി അല്‍പകാലത്തേക്ക് കൂടി നീട്ടുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണുഗോപാലിന്റെ തീരുമാനമാണ് നിര്‍ണ്ണായകമാകുക.
















