ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ബിജെപി മുന്‍ നേതാവിന്‍റെ മകന്‍ മുഖ്യപ്രതിയായ കേസിൽ മൃതദേഹം സംസ്കരിക്കാൻ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.
റിസപ്ഷനിസ്റ്റിന്റെ മൃതദേഹത്തിലെ പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്നായിരുന്നു കുടുംബത്തിന്‍റെ മുൻ നിലപാട്. ഇത് മയപ്പെടുത്തിയാണ് ഇപ്പോൾ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ തയ്യാറായത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂർണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങി. അപ്പോഴും നൂറു കണക്കിനു പേരാണ് മോര്‍ച്ചറിക്കു മുന്‍പില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.
ഉത്തരാഖണ്ഡ് കൊലപാതകത്തില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോർട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യ അറസ്റ്റിലായതിന് പിന്നാലെയാണ് റിസോർട്ട് ഇടിച്ചുനിരത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തുന്ന് വരുത്തിത്തീർത്ത് തെളിവുകൾ നശിപ്പിക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചത്.
അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകൾ ഏറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുടുംബത്തിന് ഇതിൽ വിശ്വാസമില്ല. പെൺകുട്ടിയുടെ വാട്‍സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം റിസോർട്ടിലെത്തിയിരുന്ന സന്ദർശകരില്‍ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്‍റെ കൈയില്‍ പണമില്ലായിരിക്കാം, എന്നാല്‍ പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അങ്കിത അയച്ച മെസേജുകൾ സുഹൃത്തുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.കേസിന്‍റെ വിചാരണ അതിവേഗ കോടതിയില്‍ നടത്താനാണ് തീരുമാനം. എന്നാല്‍ മകന്‍ കുറ്റക്കാരനല്ലെന്നാണ് പുൾകിത് ആര്യയുടെ അച്ഛനും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ വാദം.