കണ്ണൂര്‍: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ് റെയ്ഡ് നടത്തുന്നത്. നഗരത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുന്നു.
മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം.
കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. കണ്ണൂര്‍ എ.സി.പി. രത്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.
കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപകമായ അക്രമപരമ്പരകളാണ് അരങ്ങേറിയത്. രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡൽഹി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.