ന്യൂഡല്‍ഹി: മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ അറസ്റ്റ് ചെയ്തു. ജമ്മു സ്വദേശിയായ സഞ്ജീവ് സിങ് എന്ന സൈനികനാണ് അറസ്റ്റിലായത്.
കേസില്‍ പ്രതിയായ വിദ്യാര്‍ഥിനിയെ സഞ്ജീവ് സിങ് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
അരുണാചല്‍ പ്രദേശ് പോലീസ്, അസം പോലീസ്, അരുണാചല്‍ പ്രദേശിലെ സൈനിക അധികൃതര്‍ തുടങ്ങിയവരുടെപിന്തുണയോടെയാണ് പ്രതിയായ സൈനികനെ അരുണാചല്‍ പ്രദേശിലെ സെലാ പാസില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പറഞ്ഞു.
കൂടുതല്‍ ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ട് പിടിയിലായ സൈനികന്‍ വിദ്യാര്‍ഥിനിയെ നിരന്തരം വിളിച്ചും സന്ദേശങ്ങളയച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോണും പോലീസ് കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.