വീട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു. പാലക്കാട് കണ്ടമംഗലം സ്വദേശിയായ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. വീടിന്റെ പിൻവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു ഹസനത്ത്. തീയിട്ടതിന് ശേഷം വീടിനകത്തേക്ക് പോയ ഹസനത്ത് റയാൻ കളിക്കാനായി പിറകുവശത്തേക്ക് ഇറങ്ങിയത് കണ്ടില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് തീപടർന്ന് പൊള്ളലേറ്റത് കണ്ടത്.
റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.