ടെഹ്റാന്: മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ ഇറാനില്‍ അലയടിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 31 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇറങ്ങി മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഇറാന് സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നാണ് വിവരം.
തങ്ങളുടെ മൗലികാവകാശങ്ങളും മാനുഷികപരമായ അന്തസ്സും നേടിയെടുക്കാന്‍ ഇറാനിയന്‍ ജനത തെരുവിലിറങ്ങിയിരിക്കുകയാണ്, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ വെടിയുണ്ടകള്‍ കൊണ്ടാണ് ഭരണകൂടം നേരിടുന്നത് – ഇറാന് ഹ്യൂമന്‍ റൈറ്റ്സ് (IHR) ഡയറക്ടര്‍ മഹ്മൂദ് അമീറി മുഗദ്ദം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ മസാന്‍ഡരന്‍ പ്രവിശ്യയിലെ അമോലില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 11 പേരും ബാബോലില്‍ ആറ് പേരും കൊല്ലപ്പെട്ടതായി ഐഎച്ച്ആര്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശിരോവസ്ത്രം ധരിക്കുന്നതില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമിനിയെന്ന കുർദ് യുവതിയെ ഗൈഡന്‍സ് പട്രോളുകള്‍ എന്നറിയപ്പെടുന്ന (സദാചാര) പോലീസ് മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിനി വെള്ളിയാഴ്ച മരിച്ചു.
ഇറാനിലെ വസ്ത്രധാരണ നിബന്ധനയനുസരിച്ച് സ്ത്രീകള്‍ മുടി മറയ്ക്കുകയും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം. ഇറുകിയ വസ്ത്രങ്ങളോ കീറലുകളുള്ള ജീന്‍സോ അനുവദനീയമല്ല. ആകര്‍ഷകമായ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സദാചാര പോലീസിന്റെ സംഘം എല്ലായ്പോഴും പൊതുസ്ഥലങ്ങളിലുണ്ടായിരിക്കും. ഇറുകിയ ട്രൗസര്‍ ധരിക്കുകയും തലമുടി മറയ്ക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മഹ്സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്.