എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനത ഇന്ന് വിടയേകും.രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ആരംഭിക്കും. തുടർന്ന് രാത്രി പന്ത്രണ്ടിന്(ഇന്ത്യൻ സമയം) വിൻഡ്സർ കൊട്ടാരത്തിലെ ചാപ്പലിൽ ഭൗതികശരീരം അടക്കം ചെയ്യും. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു രാജ്ഞി അന്ത്യവിശ്രമം കൊള്ളുക.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മൃതദേഹ സംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ വിവിധ ലോക നേതാക്കൾ ലണ്ടനിലെത്തിയിട്ടുണ്ട് . 200ഓളം രാജ്യങ്ങളിലെ 2000ത്തിലേറെ വിശിഷ്ടാതിഥികൾ സംബന്ധിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം നേതാക്കൾ ലണ്ടനിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാൽ റഷ്യ, ബെലറൂസ്, അഫ്ഗാനിസ്താൻ, മ്യാന്മർ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ബ്രിട്ടനിൽ 57 വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാരച്ചടങ്ങാണിത്.