റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ സമാന നീക്കവുമായി ഛത്തീസ്ഗഢ് കോണ്‍ഗ്രസും. പി.എല്‍. പുനിയയുടെ നേതൃത്വത്തില്‍ റായ്പുരിലെ രാജീവ് ഭവനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും
മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത നടന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുല്‍ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മര്ദ്ദമുണ്ട്.
ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തില്‍ പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്തംബര്‍ 24-ന് ആരംഭിക്കാനിരിക്കെയാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ ഇത്തരമൊരു നടപടി.
നിലവില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ് രാഹുല്‍ ഗാന്ധി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.