ആലപ്പുഴ: കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് സർക്കാരിനെയോ സിപിഐഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. റോഡ് അപകടം വർധിക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
“സിപിഎമ്മിനെ വിമർശിക്കാൻ വേണ്ടി മാത്രം പറയുന്നതല്ല. യുഡിഎഫിന്റെ കാലത്തും റോഡുകൾ നിർമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ റോഡുകളുടെ ഗുണനിലവാരം കുറവാണ്. യാത്രക്കാർ അപകടത്തിൽപ്പെടുന്നു. അവർക്ക് ശുശ്രൂഷ ചെയ്യാൻ പോലും സൗകര്യം കുറവ്. ഇതോടെ കൂടുതൽ ആളുകൾക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. തന്നെയല്ല, ഇത്രമാത്രം ആംബുലൻസ് പോകുന്ന റോഡുകൾ മുമ്പ് കണ്ടിട്ടില്ല”. രാഹുൽ പറഞ്ഞു.
തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. അവരുടെ സമരം ന്യായമാണ്. ഖനനം അവരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞു.
കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ യാത്ര തുടരുകയാണ്. രണ്ടാം ദിവസത്തെ ആദ്യഘട്ടം ഹരിപ്പാട് തുടങ്ങി ഒറ്റപ്പനയിൽ അവസാനിച്ചു. ജില്ലയുടെ വിവിധ മേഖലകളിലുള്ള കർഷകരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി.