തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്.
സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത നാട്ടിൽ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.
തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പൊലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഐഎം രംഗത്തു വരികയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.