സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട് കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (എ.ജി.) സ്വീകരിച്ചത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.ജി.യെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും എ.ജി. കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിലെ എ.ജിയുടെ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തര മന്ത്രിയും തമ്മിൽ കൃത്യമായി ആലോചിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ, മുതിർന്ന മന്ത്രിമാർ, പ്രധാന കക്ഷിനേതാക്കൾ, യു.ഡി.എഫ്. നേതാക്കൾ എന്നിവരുമായി വിശദമായി ചർച്ചചെയ്താണ് തീരുമാനമെടുത്തത്. അതിനാൽ ഇത് ഒരാളുടെ മാത്രം തീരുമാനമല്ലെങ്കിലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിയെന്ന നിലയിൽ താൻ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന നിർദേശമാണ് നൽകിയതെന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനാവശ്യമായ ധൃതി കാണിക്കാതെ നിയമപരമായി കാര്യങ്ങൾ കൈകാര്യംചെയ്യാനാണ് നിർദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ നിയമപരമായ വഴി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ, രാഷ്ട്രീയ വിരോധം തീർക്കാൻ ഇ.ഡി. പറഞ്ഞയുടൻ ചാടിക്കയറി കേസ് എടുത്തെന്നും സുപ്രീം കോടതി വിധി പരിഗണിച്ചില്ലെന്നും മാധ്യമങ്ങൾ പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കേസുകളിലും നിയമം അതിന്റെ വഴിക്ക് പോകുമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.















