തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ തിരുവോണം ബംപർ ബിആർ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. ടിജെ 750605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം. 5 കോടിയാണ് ബംപറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക്). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.
500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.