കഴിഞ്ഞ ഏതാനും ആഴ്ചകളായി, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ എന്ന കിംവദന്തിയുടെ പേരിൽ രാജ്യത്തുടനീളം ആളുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ അരങ്ങേറുകയാണ്. മഥുര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജെപി കൗൺസിലറുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഇതേത്തുടർന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെയും അവയവ കച്ചവടക്കാരെയും കുറിച്ച് സന്യാസിയുടെ വേഷത്തിൽ അലഞ്ഞുതിരിയുന്നവരെക്കുറിച്ചുള്ള അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ചില സന്ദർഭങ്ങളിൽ, ബന്ധമില്ലാത്തതും പഴയതുമായ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും ഇതിനായി ഉപയോഗിച്ചു.
ഈ കിംവദന്തികളുടെ ആഘാതം പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാങ്ങളിലാണ് കാര്യമായി അനുഭവപ്പെട്ടത്. ആളുകൾ ഇതോടെ സംശയാസ്പദമായി കരുതുന്ന അജ്ഞാത വ്യക്തിയെയോ ആളുകളെയോ ആക്രമിക്കാൻ തുടങ്ങി. ഇരകളിൽ മാനസിക വെല്ലുവിളി നേരിടുന്നവരും സാധാരണക്കാരും ഉൾപ്പെടുന്നു. ഇത്തരത്തിൽ യുപിയിലെ സീതാപൂരിൽ മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയെ മർദിച്ച സംഭവവും യുപിയിലെ തന്നെ ബദോഹിയിൽ കുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടികളെ മർദിച്ച സംഭവവും ഉണ്ടായി.
ഇപ്പോൾ പ്രചരിക്കുന്നത് പോലെ കുട്ടികളെ തട്ടികൊണ്ട് പോകൽ കിംവദന്തികൾ 2019-ലും സമാനമായ രീതി ഉണ്ടായിരുന്നു. അന്ന് കേരളം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആളുകൾ കുട്ടികളെ തട്ടികൊണ്ട് പോകൽ കിംവദന്തിയുടെ പേരിൽ മർദ്ദനങ്ങൾ ഉണ്ടായി. കേരളത്തിലെ പലയിടത്തും ഭിക്ഷക്കാരെ നിരോധിച്ച് ബോർഡുകൾ വെച്ച സംഭവവും ഉണ്ടായി.
നിലവിൽ പ്രചരിക്കുന്ന കുട്ടികളെ തട്ടികൊണ്ട് പോകൽ സംഭവത്തിൽ സീതാപൂർ പോലീസ്, മൊറാദാബാദ് പോലീസ്, ബറേലി പോലീസ്, ഹർദോയ് പോലീസ് എന്നിവർ പ്രസ്താവനകൾ പുറപ്പെടുവിച്ചു. സെപ്തംബർ 13-ന് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കുട്ടികളെ മോഷണം നടത്തിയെന്നാരോപിച്ച് നാല് കാഷായ വസ്ത്രധാരികളെ മർദിച്ച വാർത്ത പുറത്തുവന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത എബിപി ന്യൂസ് ഒരു വീഡിയോ സംപ്രേഷണം ചെയ്തു, അതിൽ ഒരു ജനക്കൂട്ടം ഒരു കടയ്ക്ക് മുന്നിൽ വടികൊണ്ട് കാഷായ വസ്ത്രധാരികളെ മർദ്ദിക്കുന്നതായി കാണുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് മഹാരാഷ്ട്രയിൽ സാധുക്കളെ നാട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എബിപി ന്യൂസ് പുറത്തുവിട്ടു.
ന്യൂസ് 18 ഇന്ത്യയും ഇത് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പുറത്തുവിട്ടു. അതിൽ ആദ്യത്തേത് ആൾക്കൂട്ടം കടയ്ക്ക് മുന്നിൽ വെച്ച് ഇവരെ മർദിക്കുന്നതാണ്. ടൈംസ് നൗ നവഭാരതും ഇതേ അവകാശവാദത്തോടെ ഈ വീഡിയോ റിപ്പോർട്ട് ആയി നൽകി.
ആജ് തക്, റിപ്പബ്ലിക് ലൈവ്, ന്യൂസ് 18 ലോക്മത്, ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീക്കിലി, സീ സലാം, മഹാരാഷ്ട്ര ടൈംസ്, ഇന്ത്യ ടിവി ഹിന്ദി, ഭാരത് 24, അമർ ഉജാല, വലതുപക്ഷ പോർട്ടലായ ഒപ്ഇന്ത്യ, ദി ലാലൻടോപ്പ് എന്നിവയുൾപ്പെടെ നിരവധി വാർത്താ ഔട്ട്ലെറ്റുകൾ ഇത് പിന്തുടർന്നു. നവഭാരത് ടൈംസ് പത്രപ്രവർത്തകരായ ‘ഭദോഹി വാല’, അലോക് കുമാർ എന്നിവർക്കൊപ്പം ഇന്ത്യ ടിവി ഹിന്ദി ജേണലിസ്റ്റ് വികാഷ് തിവാരി, ഇസ്‌കോൺ വൈസ് പ്രസിഡന്റും വക്താവുമായ രാധാരാമൻ ദാസ് എന്നിവരും സംഭവം സാംഗ്ലിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചു.
എന്നാൽ ഈ വീഡിയോകളുടെ ഉറവിടം (source) സംബന്ധിച്ച് ആധികാരികത ഉണ്ടായിരുന്നില്ല. ആൾട്ട് ന്യൂസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. എന്നാൽ, മറ്റ് മാധ്യമ സംഘടനകൾ ഇത് അവഗണിക്കുകയും മുൻകൂർ സ്ഥിരീകരണം കൂടാതെ വീഡിയോ വീണ്ടും പ്രചരിപ്പിച്ചു.
ഫാക്ട് ചെക്ക്
യഥാർത്ഥത്തിൽ, ഈ വീഡിയോ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ നടന്ന സംഭവത്തിൽ നിന്നുള്ളതല്ല, അതിൽ കാണുന്ന ആളുകളെ കുട്ടികളെ മോഷ്ടിച്ചുവെന്നാരോപിച്ച് മർദിച്ചതല്ല. മഹാരാഷ്ട്രയിലെ റെയ്‌സൻ ജില്ലയിലാണ് യഥാർത്ഥ സംഭവം. 2022 ആഗസ്റ്റ് 8-ന് നടന്ന സംഭവത്തെക്കുറിച്ച് IBC24 റിപ്പോർട്ട് ചെയ്തു. അടിക്കുറിപ്പ് അനുസരിച്ച്, സന്യാസി വേഷം ധരിച്ച് ഒരു സംഘം ആളുകൾ മോഷണം നടത്താൻ എത്തിയതായിരുന്നു. സംഭവം പിടികൂടിയ ഗ്രാമവാസികൾ ഇവരെ ആക്രമിക്കുന്നതാണ് ദൃശ്യം.
നവഭാരത് ടൈംസ് ഓഗസ്റ്റ് 7-ന് ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. ലേഖനം അനുസരിച്ച്, റെയ്‌സൻ ജില്ലയിലെ മാൻഡിദീപ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പലോഹയിൽ ഒരു സ്ത്രീയെ ഇവർ ബോധരഹിതയാക്കി കൊള്ളയടിച്ചു. സന്യസി സാധുക്കളുടെ വേഷം ധരിച്ചെത്തിയ അക്രമികൾ യുവതിയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. ഗ്രാമവാസികൾ അവരെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ അവർ പലോഹയോട് ചേർന്നുള്ള പിപാലിയ ഗജ്ജു ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഇവരെ കണ്ടെത്തി മർദ്ദിച്ച ശേഷം നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ ആറ് പേർക്കെതിരെ മണ്ഡിദീപ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉത്തർപ്രദേശിലെ ചിത്രകൂട് സ്വദേശികളാണെന്ന് പോലീസിനെ ഉദ്ധരിച്ച് ലേഖനം പറയുന്നു. ബച്ചു ജോഷി, ലവ്‌ലേഷ് ഗോസ്വാമി, മിഥിലേഷ് ഗോസ്വാമി, എം.എൽ.എ ഗോസ്വാമി, ഗുലാബ് ജോഷി, രാംസ്വരൂപ് ഗോസ്വാമി എന്നിവരാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
റെയ്‌സൻ എസ്പി വികാസ് കുമാർ സെഹ്‌വാളുമായി ആൾട്ട് ന്യൂസ് സംസാരിച്ചത്തിൽ നിന്ന് ഈ വിഡിയോ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന സാധുക്കളുടെ സംഭവമല്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സാധുക്കൾ ഒരു പൂജ നടത്താനാണ് ഗ്രാമത്തിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനായി അവർ ഒരു സ്ത്രീയോട് സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ ആവശ്യപ്പെട്ടു. ആഭരണങ്ങൾ മോഷ്ടിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് പ്രതികളെ ജയിലിലേക്ക് അയച്ചു.
ചുരുക്കത്തിൽ, കുട്ടികളെ വ്യാപകമായി തട്ടികൊണ്ട് പോകുന്നു എന്ന കിംവദന്തി പ്രചരിപ്പിക്കാൻ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും കൂട്ടുനിന്നു എന്ന് വേണം മനസിലാക്കാൻ. മോഷണക്കേസിൽ പിടിയിലായവരുടെ വീഡിയോ ആണ് കുട്ടികളെ തട്ടികൊണ്ട് പോയവരുടെ വീഡിയോ ആയി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് ആദ്യം വാർത്ത കൊടുക്കാനുള്ള വ്യഗ്രതയിൽ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.