മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. ബേബി പൗഡറിന്റെ സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താനെയിലെ മുളുന്ദിലുള്ള പ്ലാന്റ് ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡറുകളിലെ പിഎച്ച് മൂല്യം നിര്‍ബന്ധിത പരിധിക്ക് മുകളിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഉത്പന്നത്തിന്റെ നിര്‍മാണവും വിതരണവും സര്‍ക്കാര്‍ തടഞ്ഞു.
മുതിര്‍ന്നവരുടെ ചര്‍മ്മത്തില്‍ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് കുഞ്ഞിന്റെ ചര്‍മ്മം. നവജാത ശിശുക്കളുടെ ചര്‍മത്തിന് ന്യൂട്രലിനോടടുത്ത് പിഎച്ച് അല്‍പം ഉയര്‍ന്നായിരിക്കും. പിഎച്ച് 5.5 ഒഴികെയുള്ള ഏതൊരുമൂല്യവും കുഞ്ഞുങ്ങളുടെസെന്‍സിറ്റീവ് ചര്‍മ്മത്തെ ഗുരുതരമായി നശിപ്പിക്കും.
1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കിയ സ്ഥാപനത്തിന് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഇതേ സ്ഥാപനം സര്‍ക്കാരിന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കാതെ കോടതിയില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചതായും ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.