തിരുവനന്തപുരം: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നല്‍കുന്ന ‘യത്‌നം’ പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് ‘യത്‌നം’ ആരംഭിക്കുന്നത്. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ആര്‍ബി, യുജിസി, നെറ്റ്, ജെആര്‍എഫ്, സിഎടി/മാറ്റ് പരീക്ഷകള്‍ക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.
വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരില്‍ ആറുമാസം വരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികള്‍ക്കാണ് ഈ സഹായം നല്‍കുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ആര്‍ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആര്‍എഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.