ന്യൂഡൽഹി: ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. കേസ് പരിഗണിക്കുക ഭരണഘടനാ ബെഞ്ചിലെ നടപടികൾക്കുശേഷമായിരിക്കും.
നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രീംകോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2017ലാണ് ലാവലിൻ കേസ് സുപ്രിംകോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിൽ തന്നെ ഒരു കേസ് ഇത്രയധികം തവണ മാറ്റിവെക്കുന്നത് ആദ്യമായിരിക്കും. പ്രധാന രാഷ്ട്രീയ നേതാക്കൾ പ്രതിയാക്കുന്ന കേസുകൾ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് സുപ്രിംകോടതി തന്നെ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ലാവലിൻ കേസിനെ ഇത് ബാധിച്ചിരുന്നില്ല. 1995ൽ ഉണ്ടായ കേസിന്റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.