തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗവർണർ പറഞ്ഞത് അസംബന്ധമാണ്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്? മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ജോലിക്ക് അപേക്ഷ നൽകുന്നതെന്ന് പിണറായി വിജയന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ പറ്റില്ലെന്ന് പറയാൻ എന്താണ് അധികാരം? എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത്? ഗവർണർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭീഷണി സ്വരത്തിൽ ആരാണ് സംസാരിക്കുന്നത് ആരാണെന്ന് നാട് കുറേക്കാലമായി കാണുന്നുണ്ട്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിൽ പിശകുണ്ടോ പരിശോധിച്ചോട്ടെ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവർ അനുഭവിച്ചോട്ടെ. അതിന് ഞങ്ങൾ ആരെങ്കിലും തടസം നിന്നിട്ടുണ്ടോ- മുഖ്യമന്ത്രി ചോദിച്ചു. അവരവർക്ക് എന്തെങ്കിലും ഗുണമുണ്ടായിക്കോട്ടെ എന്ന് കരുതി ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. അതും ഫലിച്ച് കണ്ടില്ല- ഗവർണറെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാലകളിലെ പോസ്റ്റർ പ്രചരണത്തിനെതിരെ ഗവർണർ നിലപാടെടുത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്ഭവനിൽ പോസ്റ്റർ ഒട്ടിക്കാൻ എത്തുമ്പോൾ മാത്രം തടഞ്ഞാൽ മതിയെന്നും ഗവർണർക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.