തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായിരിക്കെ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമായതു സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ പേപ്പട്ടിയുടെ കാര്യമാണോ നിയമസഭയിൽ സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി ഉൾപ്പെടെയുള്ളവരുടെ പരിഹാസമെന്നും സതീശൻ പറഞ്ഞു.
കേരളത്തെയാകെ ഭീതിപ്പെടുത്തുന്ന പ്രശ്നമായിരുന്നു ഇതെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. എന്നിട്ടും നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ധാരാളം എബിസി സെന്ററുകൾ സ്ഥാപിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ പത്തെണ്ണം പോലും സ്ഥാപിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി പറഞ്ഞുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, മോദിയെയും ഫാസിസത്തെയും വര്‍ഗീയതയെയും വിമര്‍ശിക്കുമ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഭാരത് ജോഡോ യാത്രയെ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചതിനെതിരെയായിരുന്നു സതീശന്റെ ചോദ്യം.
പിണറായിയോ സി.പി.എമ്മോ ഈ ജാഥയുടെ അജണ്ടയിലില്ല. എ.കെ.ജി. സെന്ററല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയാണ് യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെയ്നറില്‍ താമസിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് പ്രശ്നം? സി.പി.എം. നേതാക്കളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഭാരത് ജോഡോ യാത്രയെ അഭിവാദ്യം ചെയ്യുന്നത്. അതാണോ ഇവരെ അസ്വസ്ഥരാക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.