അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. സംഭവ സമയത്ത് ആറ് കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരോട് ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കൊല നടത്തിയത്. പുലര്‍ച്ചെ 3 മണിയോടെ അക്രമികള്‍ പോയ ശേഷം കുട്ടികളുടെ കരച്ചില് കേട്ട് എത്തിയവരാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് രാംഗഞ്ച് പോലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് രവീന്ദ്ര ഖിന്‍ജി പറഞ്ഞു.
‘പെട്ടെന്ന് മൂന്ന് അക്രമികള്‍ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവര്‍ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ ഞങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികള്‍ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു,’ സംഭവത്തിന് ദൃക്സാക്ഷികളായ കുട്ടികള്‍ പറഞ്ഞു.
മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മഴുവിന്റെ പിടികൊണ്ടാണ് ഇമാമിനെ അടിച്ചു കൊന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മര്ദ്ദനത്തിനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വടികള്‍ റോഡില്‍ നിന്ന് കണ്ടെത്തി. ഇമാമിന്റെ മൊബൈല്‍ ഫോണ്‍ അക്രമികള്‍ കൊണ്ട് പോയതായി കുട്ടികള്‍ പറഞ്ഞു. ഇമാമും കുട്ടികളും മസ്ജിദിന് അകത്തുള്ള മുറിയിലായിരുന്നു താമസം.