കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണുള്ളത്.
സംസ്ഥാനത്ത് പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വെള്ളം കയറി. പനയംപാടത്തെ തോട് കരകവിഞ്ഞാണ് റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുവശുത്തുമായുള്ള നിരവധി വീടുകളില്‍ വെള്ളം കയറി.
തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.