നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട തമ്മില്‍ത്തല്ലും പഴി പറച്ചിലും പരസ്യമായതോടെ പല രഹസ്യങ്ങളും അപഥ സഞ്ചാരങ്ങളും കള്ളത്തരങ്ങളും പരസ്പരം വിളിച്ചു പറയുകയാണ് ഗണേഷ് കുമാറും സുകുമാരന്‍ നായരും. മണിക്കൂറുകള്‍ ഇടവിട്ട് മാധ്യമങ്ങളെ കാണുന്നതു തന്നെ പല രഹസ്യങ്ങളും തങ്ങള്‍ക്ക് അറിയാമെന്ന് വീമ്പിളക്കാനോ, തുറന്നു പറയാനോ വേണ്ടിയായി മാറിയിട്ടുണ്ട്. ഇനിയും രഹസ്യങ്ങള്‍ കവലപ്പരസ്യങ്ങളാകുമെന്നതില്‍ തര്‍ക്കമില്ല. ഗണേഷ്‌കുമാറാണ് സുകുമാരന്‍ നായര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഇനി സുകുമാരന്‍ നായര്‍ പറയാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാമെങ്കിലും, കേരളം കാത്തിരിക്കുകയാണ്.
അതേസമയം, NSS ജനറല്‍ സെക്രട്ടറിയെ മോശമായി സമൂഹത്തിനു മുമ്പില്‍ ചിത്രീകരിച്ചത് പല യൂണിയനുകള്‍ക്കും പിടിച്ചിട്ടില്ല. തിരുവനന്തപുരം താലൂക്ക് യൂണിയന്‍ ഗണേഷ്‌കുമാറിനെതിരേ പ്രമേയവും പാസാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗണേഷ് കുമാര്‍ മ്ലേഛമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. നായര്‍ സമുദായത്തെ പഠിപ്പിക്കാന്‍ തുനിയുന്ന ഞാഞ്ഞൂലിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണമെന്ന് പ്രമേയത്തില്‍ ആഹ്വാനം. നാളിതുവരെ ആരാധ്യനായി കണ്ടിരുന്ന ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള ‘രാഷ്ട്രീയ ഭിക്ഷാന്ദേഹിയുടെ വൃത്തികെട്ട നിലപാടുകള്‍’ നായര്‍ സമുദായം വെച്ചുപൊറുപ്പിക്കില്ല.
ഗണേഷ് കുമാറിന്റെ മുന്‍കാല ജീവചരിത്രം തിരുവനന്തപുരത്തുകാര്‍ക്ക് കൃത്യമായി അറിയാമെന്നും, കാര്യങ്ങള്‍ എല്ലാം വിളിച്ചു പറയാന്‍ ഇടയാക്കരുതെന്നും പ്രമേയത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എന്‍എസ്എസ് താലൂക്ക് യൂണിയനുകള്‍ ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി രംഗത്തുവരുമെന്നാണ് സൂചന. ഇതോടെ ഗണേഷ് കുമാറും എന്‍എസ്എസ് നേതൃത്വവും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എന്‍.എസ്.എസ് കുടുംബ സ്വത്താക്കി വെച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഗണേഷ്‌കുമാറിന്റെ വാദം.
അദ്ദേഹം കുടുംബക്കാര്‍ക്കു വേണ്ടി വഴിവിട്ട നടപടി ചെയ്തത് എന്തിനാണെന്നു പറയണമെന്ന് ഗണേഷ്‌കുമാര്‍ ഇന്നലെ ചോദിച്ചിരുന്നു. മന്നത്ത് പദ്മനാഭന്റെ സമാധിയില്‍ നായന്‍മാര്‍ക്ക് തൊഴാന്‍ കഴിയിണണെന്നതാണ് ഏക ആഗ്രഹമെന്നാണ് ഗണേഷ്‌കുമാറിന്റെ വാദം. ഇങ്ങനെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ച മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെയാണ് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രമേയം പാസാക്കിയത്.
















