കറാച്ചി: പാകിസ്താനിൽ പ്രളയക്കെടുതി രൂക്ഷം. രാജ്യത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. പ്രളയക്കെടുതിയിൽ ഇതുവരെ 1,136 പേരാണ് മരണപ്പെട്ടത്. 1634 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്.
ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല.
പാലങ്ങളും റോഡുകളും കാർഷിക വിളകളുമൊക്കെ ദിവസങ്ങളോളമായി തുടരുന്ന കനത്ത മഴയിൽ ഒലിച്ചുപോയി. ഇതോടെ പലയിടത്തും ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ട്.