ആർട്ടെമിസ്-1 പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം കേപ് കനാവറലിൽ ഇന്ന് നടക്കും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ ആദ്യ പരീക്ഷണം കൂടിയാണിത്.ഇന്ത്യൻ സമയം വൈകുന്നേരം 6.3നാണ് വിക്ഷേപണം. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും നീണ്ടു നിൽക്കുന്നതാണ് യാത്ര.
യാത്രികരെ കൊണ്ടുപോകുന്നത് സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന റോക്കറ്റിലാണ്. അപ്പോളോ ദൗത്യങ്ങളെ ചുമലിലേറ്റിയ സാറ്റേൺ ഫൈഫിന്റെ പിൻഗാമിയാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം. ഇന്നത്തെ കാലത്തെ ഏറ്റവും കരുത്തനായ റോക്കറ്റ് കൂടിയാണിത്. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മനുഷ്യർ പോകുന്നില്ല. ഓറിയോണിൽ യാത്രക്കാർക്ക് പകരം മൂന്ന് ഡമ്മികൾ മാത്രമാണുള്ളത്. കാംപോസും ഹെൽഗയും സോഹഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോ എന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് പേടകം തിരികെ പ്രവേശിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന 2760 ഡിഗ്രി സെൽഷ്യസ് ചൂട് പേടകത്തിന് അതിജീവിക്കാനാകണം.
നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. 600 കോടി യുഎഎസ് ഡോളർ ചെലവ് ഇതിന് വന്നു. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവ് വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. 322 അടിനീളമുള്ള റോക്കറ്റാണിത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന നാല് ആർഎസ് 25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.