തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കുന്നു. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
അതേസമയം, സമര പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിമാർ വിളിച്ച ചർച്ചയിലേക്ക് ലത്തീൻ സഭാ പ്രതിനിധികൾ എത്തിയില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു, ഫിഷറീസ് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവരാണ് ചര്‍ച്ചക്ക് വിളിച്ചത്. എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍പ്പുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ലത്തീൻ സഭ വ്യക്തമാക്കി.
എന്നാൽ ഔദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നുവെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി. ഔദ്യോഗികമായി ചര്‍ച്ചയുടെ കാര്യം അറിയിച്ചതാണെന്നും വരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്ല രീതിയിലാണ് ചര്‍ച്ച നടത്തുന്നത്. ഇന്നലെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചതാണെന്നും വരാമെന്ന് പറഞ്ഞിട്ട് പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തുറമുഖനിര്‍മാണത്തിനെതിരെ സമരം മുമ്പോട്ടു കൊണ്ടുപോകുമെന്നും വിഭജിക്കാനും പിന്തിരിപ്പിക്കാനുമുള്ള നീക്കങ്ങളിൽ വീഴരുതെന്നും സർക്കുലറിലൂടെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളോടാണ് സര്‍ക്കുലറിലൂടെ അതിരൂപത നയം വ്യക്തമാക്കിയത്. തുറമുഖ പദ്ധതിക്കെതിരായ സമരം ശക്തമായി തുടരും. കടൽത്തീരത്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഭരണഘടനാപരമാണ്. നിയമ പരിരക്ഷ തേടുമെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. അതിരൂപതയ്ക്ക് കീഴിലെ എല്ലാ പളളികളിലും ആര്‍ച്ച് ബിഷപിന്റെ സര്‍ക്കുലര്‍ വായിച്ചു.