ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ ആരോപണവിധേയരായവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയത്. ഇതിൽ നിന്നു പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. സിസോദിയ ഉൾപ്പെടെ 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണു സിബിഐ കേസെടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്.
റെയ്ഡിനു പിന്നാലെ പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് സിബിഐ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോർട്ട് കൈമാറിയത്. ഇതിനു പിന്നാലെയാണ് ഇഡിയും കേസ് റജിസ്റ്റർ ചെയ്തത്.
















