ന്യൂഡല്‍ഹി: സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സിവില്‍ എന്‍ജിനിയര്‍മാരുടെ അസോസിയേഷന്‍ ഞായറാഴ്ച മുംബൈയില്‍ സംഘടിപ്പിച്ച NATCON 2022 പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിമര്‍ശനാത്മകമായ പരാമര്‍ശം.
“നിങ്ങൾക്ക് തീർച്ചയായും അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി ശോഭനമാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലും പുറത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ മാതൃകകളും നാം സ്വീകരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാൻ കഴിയുന്ന സാമഗ്രികൾ നമുക്കു വേണം. നിർമാണ മേഖലയിൽ മറ്റൊരു പ്രധാനപ്പെട്ട ഘടകം സമയമാണ്. അതാണ് ഏറ്റവും വലിയ മൂലധനം. സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം.” – ഗഡ്കരി പറഞ്ഞു.
അതേസമയം, ഏതെങ്കിലും ഒരു സർക്കാരിനെ ഉദ്ദേശിച്ചല്ല ഗഡ്കരിയുടെ വാക്കുകളെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. എല്ലാ സർക്കാരുകളെയും പൊതുവെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കഴിഞ്ഞയാഴ്ച ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ നേരിട്ടല്ലെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരേ ഗഡ്കരി പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.
















