ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിംഗ് കമാൻഡർമാർക്കുമെതിരായാണ് നടപടി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു ബ്രഹ്മോസ് മിസൈലുകള്‍ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ പാകിസ്താന് ഭാഗത്തേക്ക് തൊടുത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിലാണ് മൂന്ന് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതും നടപടിയെടുത്തതും. ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന് മിസൈൽ പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് വിക്ഷേപിക്കപ്പെട്ടത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.
സംഭവത്തില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന് വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യാത്രാവിമാനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകടമുണ്ടാക്കിയേക്കാവുമായിരുന്ന സംഭവത്തില്‍ പാകിസ്താന് അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പാകിസ്താന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
















