പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന് അനുയോജ്യനായ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ ജനതാദൾ (യു) ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങൾ സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ പട്നയിൽ ചേരും. ബിഹാറിൽ എൻഡിഎ വിട്ടു മഹാസഖ്യത്തിൽ ചേർന്ന ജെഡിയു രാഷ്ട്രീയ നിലപാടിനു പാർട്ടിയുടെ പരമോന്നത സമിതിയുടെ അംഗീകാരം നൽകുകയെന്ന ഔപചാരികതയും സമ്മേളനത്തിലുണ്ടാകും.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാറിനെ അവതരിപ്പിക്കാനാണ് ജെഡിയു നേതൃത്വത്തിന്റെ പദ്ധതി. ബിഹാറിൽ പുതിയ സഖ്യകക്ഷിയായെത്തിയ ആർജെഡിയുടെ നേതാവ് തേജസ്വി യാദവും നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ പിന്തുണ നൽകുമെന്നു വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ പ്രതിപക്ഷ നിരയിലെ മിക്ക കക്ഷികൾക്കും എതിർപ്പുള്ള സാഹചര്യത്തിലാണ് നിതീഷ് കുമാറിനു സാധ്യത കൽപിക്കുന്നത്. നിതീഷ് കുമാറിനു പിന്നിൽ സോഷ്യലിസ്റ്റ് പാർട്ടികളെയെല്ലാം അണിനിരത്തുകയെന്നതാണ് ജെഡിയു തന്ത്രം. ആർജെഡി, സമാജ്‌വാദി പാർട്ടി, ജനതാദൾ (എസ്) തുടങ്ങിയ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാൽ നിതീഷിനെ അംഗീകരിക്കാൻ കോൺഗ്രസിനുമേൽ സമ്മർദം ചെലുത്താൻ കഴിയുമെന്നും ജെഡിയു കണക്കുകൂട്ടുന്നു.
അതേസമയം, താന്‍ പ്രധാനമന്ത്രിയാകാനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തങ്ങള്‍ അത്തരം പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം താനും അറസ്റ്റിലായേക്കാം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ആംആദ്മി സര്‍ക്കാരിനെതിരെയുള്ള ഗൂഡനീക്കമെന്നും കേജരിവാള്‍ പറഞ്ഞു.
















