ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിതന്നെ വരണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇത് ഒറ്റക്കെട്ടായി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ അത് പ്രവര്‍ത്തകര്‍ക്ക് വലിയ നിസ്സഹായത സൃഷ്ടിക്കും. പലരും വീട്ടിലിരിക്കാന്‍ തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് കോണ്‍ഗ്രസിലെ എല്ലാവരും അനുകൂലിക്കുന്ന കാര്യമാണ്. ഇതില്‍ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാര്‍ട്ടിയുടെ പ്രശ്നമാണ്. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും അശോക് ഗെഹ്‌ലോട്ട് പറയുന്നു. എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് കഴിഞ്ഞ 75 വർഷമായി ഒന്നും നടന്നിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നത്? അതിന് കാരണം കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎയും ഒന്നാണ് എന്നത് കൊണ്ടാണ്. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും അത് അങ്ങെ തന്നെയാണ്. എല്ലാ മതങ്ങളെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാവ്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.
















