ന്യൂഡല്‍ഹി: യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ രംഗത്തെത്തി. അത്തരം ഒരു ആലോചന പരിഗണയിലില്ല. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പേയ്‌മെന്റ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള നയങ്ങൾ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സേവനം), എൻഇഎഫ്‌ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) പോലുള്ള വിവിധ പേയ്‌മെന്റ് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ ഉള്ള നിയമങ്ങൾ ശക്തമാക്കാനും ആർബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രാജ്യത്ത് നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. ഇതിൽ മാറ്റം വരുത്താനാണ് ആർബിഐ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യൺ രൂപയാണ് യുപിഐ വഴി കൈമാറുന്നത്.
















