കണ്ണൂര്‍: ഗവർണർ മര്യാദ ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. കണ്ണൂർ വി സിക്കെതിരായ പരാമർശത്തിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് രംഗത്തെത്തി.കണ്ണൂർ വി സിയെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവർണറുടെ നടപടി അനുചിതം. ഗവർണറിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗമെന്ന് സിൻഡിക്കേറ്റ് വിലയിരുത്തി. അതിരുവിട്ട ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തതെന്ന് സിൻഡിക്കേറ്റ് വിമർശിച്ചു.
വി.സിക്കെതിരായ പരാമർശം ഭരണഘടന പദവി വഹിക്കുന്നയാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സർവകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസ്സിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്. നടപടി അതിരുവിട്ടതും അപലപനീയമെന്നും സിൻഡിക്കറ്റ് വിലയിരുത്തി.
സേവ് യൂണിവേഴ്‌സിറ്റിയുടേയും ചില പ്രതിപക്ഷ കക്ഷികളുടേയും വാക്ക് കേട്ടാണ് പല നടപടിയും ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം വി.സിയെ ക്രമിനല്‍ എന്ന് വിളിച്ച ഗവര്‍ണറുടെ നടപടിയെ കാണാന്‍. അതോടൊപ്പം തന്നെ സര്‍വകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങള്‍ മറച്ചുവെച്ച് മര്യാദയുടെ പരിധി ലംഘിച്ചാണ് ഗവര്‍ണറുടെ പല നടപടികളെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു. ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി.സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്‍റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വി.സിക്കെതിരെ പോലീസില്‍ പരാതിയും ലഭിച്ചു. വിസിക്ക് എതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍് ആണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ ആക്രമണത്തിന് വി.സി ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
















