കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. വിസി വധ ഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോണ്‍ഗ്രസാണ് പരാതി നൽകിയത്.
ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു.
ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി.സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്‍റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.
















