രാജ്യതലസ്ഥാനത്ത് ഇന്ന് സിജെപി ‘ലെഹ്രാ ദോ തിരംഗ’ (പാറിപ്പറക്കട്ടെ ത്രിവർണപതാക) റാലി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി പോലീസ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്നും നാളെയും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ഭരണപരമായ കാരണങ്ങളാലാണ് നിയന്ത്രണം എന്നാണ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) വ്യാഴാഴ്ച അറിയിച്ചത്. വെള്ളിയാഴ്ചയിലെ സിജെപി പ്രതിഷേധം വിലക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ക്രമസമാധാനം നിലനിർത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുകൂടാനാണ് സിജെപി നേതാവ് അഭ്യർഥിച്ചിരുന്നത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ‘ലെഹ്രാ ദോ തിരംഗ’ മാർച്ചിന് സിജെപി ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയതിനാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ അറസ്റ്റിലായത്. ഇവരെ തിഹാർ ജയിലിലടച്ചിരിക്കുകയാണ് ഇപ്പോൾ.















