പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ രാത്രി പത്ത് മണിക്കൂറോളം ധർണയിരുന്ന എൻ.എസ്.യു.ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാലരയോടെയാണ് പൊലീസ് നടപടിയുണ്ടായത്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് ക്രൂരമായി മർദിച്ച ആതിര വിജയൻ, ഋതു അടക്കമുള്ള വിദ്യാർത്ഥികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.
പൊലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് എൻ എസ് യു ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഒരു വരി എഴുതി എഫ്ഐആർ എടുക്കാതെ പൊലീസ് വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. തീർത്തും അവശയായ ആതിരയെ പൊലീസ് വലിച്ചിഴച്ചെന്നും എംപി വിമർശിച്ചു.
കേരളത്തിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ആതിര പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ആതിര വ്യക്തമാക്കി.
പിന്തുണയുമായെത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.














