തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിൻ്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനൻസുകളിൽ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം, ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് സിപിഐക്കുള്ളത്. ഈ ഭിന്നത പരിഹരിക്കാൻ ഇതുവരെ സിപിഐ-സിപിഎം ചര്‍ച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്.
















