തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.
വിമർശനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു. വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.കേരള സർവകലാശാല തനിക്കെതിരെ പ്രമേയം പാസാക്കിയതിൽ നടപടിയെടുക്കില്ലെന്നും ഗവർണർ പറഞ്ഞു.
താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും അവർക്കെതിരെ പ്ലഷർ ക്ലോസ് ഉപയോഗിക്കില്ല. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവെക്കാൻ ആകില്ല. എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.സി നിയമനത്തിനുള്ള ഗവർണറുടെ സേർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയത്. സിപിഎം അംഗം ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല.
ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സര്‍വകലാശാല ചട്ടം 10-1 പ്രകാരം സെര്‍ച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സര്‍വകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
















