തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത മുൻപില്ലാത്ത വിധം ഇടിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയും ഉയരാത്ത വിമർശനങ്ങളാണ് മാധ്യമങ്ങൾ നേരിടുന്നത്. വസ്തുതാ വിരുദ്ധമായ വാർത്തകളിലെ പൊള്ളത്തരം സമൂഹം കണ്ടെത്തുന്നതാണ് വിമർശനങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ്. കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നത്. കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്ക് അപചയം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയെന്ന് തോന്നുന്ന അവസ്ഥ മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുന്ന നിലയുണ്ട്. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പലവിധേനയും ദേശീയതലത്തിൽ പത്രസ്വാതന്ത്യം ഹനിക്കപ്പെടുന്പോൾ കേരളത്തിൽ പൂർണമായും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കഴിയുന്നുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന ഒരു ചെറുവിരൽ അനക്കം പോലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















