കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു.
കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കാസർകോട് നിന്ന് ഇന്നാണ് അൻഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇൻഫോപാർക്കിലെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റില് വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിലാണ് രണ്ടു ദിവസം മുമ്പ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയായ അർഷാദിനെ കാസർകോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി അർഷാദ് പയ്യോളി സ്വദേശിയാണ്.
















